FANDOM


'വിശുദ്ധീകരിക്കുന്നത്' എന്നാണു കൂദാശ എന്ന സുറിയാനി പദത്തിന്റെ അർത്ഥം. ആഗലേയ ഭാഷയിൽ സാക്രമെന്റ് എന്നു വിളിക്കുന്നു. നാം മനസിലാക്കുന്ന കൂദാശയെന്ന ആശയം സൂചിപ്പിക്കാൻ പുതിയ നിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം രഹസ്യം എന്നാണു. കൂദാശയുടെ നിർവ്വചനം ഈ രഹസ്യാത്മകതയെ സൂചിപ്പിക്കുന്നുണ്ട്. കൂദാശയെന്നാൽ, 'അദൃശ്യമായ ദൈവവരപ്രസാദം നല്കുന്നതിനു ഈശോമിശിഹാ സ്ഥാപിച്ച ദൃശ്യമായ അടയാളമാകുന്നു'. അതായത്, ഈശോയിൽ പൂർത്തിയായ രക്ഷാകര രഹസ്യങ്ങളാണു കൂദാശകളിലൂടെ വെളിപ്പെടുന്നത്.

സീറോ മലബാർ സഭയിൽ ഏറ്റവും ആഘോഷമായി അർപ്പിക്കുന്ന കുർബാനയെ 'റാസ' എന്നാണു വിളിക്കുന്നത്. പൌരസ്ത്യ ദൈവശാസ്ത്ര വീക്ഷണത്തിൽ കൂദാശകൾ രഹസ്യങ്ങളാണു. റാസ എന്ന സുറിയാനി പദത്തിന്റെ അർത്ഥം രഹസ്യം എന്നാണു. ഈശോ തന്റെ പീഢാനുഭവം, മരണം, സംസ്കാരം, ഉത്ഥാനം എന്നിവയിലൂടെ മനുഷ്യവംശത്തിനു ലഭ്യമാക്കിയ മഹത്തായ രഹസ്യങ്ങളാണല്ലോ വിശുദ്ധ കുർബാനയിൽ അനുസ്മരിക്കപ്പെടുന്നത്. മറ്റു കൂദാശകളും ഒരു വിധത്തിൽ 'റാസ'യുടെ അനുസ്മരണങ്ങൾ തന്നെയാണു.

എല്ലാ കൂദാശകളുടെയും ലക്ഷ്യം വിശുദ്ധീകരണമാണ്.

മാമ്മോദീസതിരുത്തുക

ഉയിർത്തെഴുന്നേറ്റ ഈശോ സഭയെ പ്രേഷിതദൌത്യം ഏൽപ്പിച്ചു കൊണ്ടു നല്കിയ സന്ദേശമാണു അവിടുന്നു മാമ്മോദീസ നല്കിയതിനു തെളിവായി ചൂണ്ടിക്കാണിക്കാവുന്നത്. 'സ്വർഗ്ഗത്തിലും ഭൂമിയിലും ഉള്ള എല്ലാ അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു. ആകയാൽ നിങ്ങൾ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിൻ. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവർക്കു ജ്ഞാനസ്നാനം നല്കുവിൻ' (മത്തായി 28: 19-20) എന്ന വാക്യങ്ങൾ ഈശൊ മാമ്മോദീസ എന്ന കൂദാശ വിഭാവനം ചെയ്തിരുന്നു എന്നു വ്യക്തമാക്കുന്നു. മാത്രമല്ല, 'വിശ്വസിച്ച് സ്നാനം സ്വീകരിക്കുന്നവൻ രക്ഷിക്കപ്പെടും' (മർക്കോസ് 16:16) എന്ന വാക്യവും ഈ സത്യം തന്നെ പ്രഖ്യാപിക്കുന്നു. ആദിമസഭയ്ക്ക് ഈ കൂദാശയെപ്പറ്റി യാതൊരു സംശയവും ഉണ്ടായിരുന്നില്ല എന്നതിനു തെളിവാണു പൌലോസ് റോമാക്കാർക്കുള്ള ലേഖനത്തിൽ ഈശോയുടെ മരണോത്ഥാനങ്ങളുമായി ബന്ധപ്പെടുത്തി മാമ്മോദീസായ്കു നല്കുന്ന വിശദീകരണം. മാമ്മോദീസായെ സംബന്ധിച്ച് നടപടിപ്പുസ്തകം നല്കുന്ന സാക്ഷ്യങ്ങളും ഈ വസ്തുത വ്യക്തമാക്കുന്നുണ്ട്. (2:38; 8:6; 8:38; 9:18)

സ്ഥൈര്യലേപനംതിരുത്തുക

ഉത്ഥാനത്തിനു ശേഷം ഈശോ ശിഷ്യന്മാര്‍ക്കു നല്കിയ സുപ്രധാന മുന്നറിയിപ്പ് ലൂക്കാ സുവിശേഷകന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 'ഇതാ, എന്റെ പിതാവിന്റെ വാഗ്ദാനം നിങ്ങളുടെ മേല്‍ ഞാന്‍ അയയ്ക്കുന്നു. ഉന്നതങ്ങളില്‍ നിന്നു ശക്തി ലഭിക്കുന്നതുവരെ നഗരത്തില്‍ തന്നെ വസിക്കുവിന്‍' (ലൂക്ക 24:49). ഈ മുന്നറിയിപ്പ് ശ്ലീഹന്മാര്‍ അക്ഷരം പ്രതി പാലിച്ചു. അവരുടെ കാത്തിരിപ്പ് 50 ദിവസം നിണ്ടു. ഈശോ വാഗ്ദാനം ചെയ്ത പരിശുദ്ധാത്മാവ് പന്തക്കൂസ്താ ദിനത്തില്‍ അവരുടെ മേല്‍ തീനാവുകളുടെ രൂപത്തില്‍ എഴുന്നള്ളിവന്ന് അവരെ 'ശക്തി ധരിപ്പിച്ചു'. (നടപടി 2:14) പരിശുദ്ധാത്മാവിനാല്‍ ശക്തരാക്കപ്പെട്ട ശ്ലീഹന്മാര്‍ പ്രതികൂലസാഹചര്യങ്ങളെപ്പോലും അവഗണിച്ചു സുവിശേഷ പ്രഘോഷണം നടത്തുകയും അനേകരെ ക്രിസ്തുമാര്‍ഗ്ഗത്തിലേക്ക് ആനയിക്കുകയും ചെയ്തു (നടപടി 2:41). ഈശോയ്ക്കു വേണ്ടി പ്രസംഗിക്കാനും സാക്ഷ്യം വഹിക്കാനും പരിശുദ്ധാത്മാവിന്റെ പ്രത്യേക ശക്തി സ്വീകരിക്കണമെന്നു ഈ സംഭവത്തില്‍നിന്നു സഭ മനസിലാക്കി. പരിശുദ്ധാത്മാവിനെ പ്രത്യേകമായി സ്വീകരിക്കുന്ന സ്ഥൈര്യലേപനമെന്ന കൂദാശയ്ക്കു അടിസ്ഥനമായിരിക്കുന്നത് സഭയുടെ ഈ അറിവും ബോദ്ധ്യവുമാണു.

കുമ്പസാരംതിരുത്തുക

മൂന്നു സുവിശേഷവാക്യങ്ങളാണു കുമ്പസാരമെന്നു വിളിക്കപ്പെടുന്ന പാപമോചന കൂദാശ സ്ഥാപിച്ചതിനു തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അവയിൽ ആദ്യത്തേതു ഈശോ പത്രോസിനോടു പറയുന്ന വാക്യമാണു: സ്വർഗ്ഗരാജ്യത്തിന്റെ താക്കോലുകൾ നിനക്കു ഞാൻ തരും. നീ ഭൂമിയിൽ കെട്ടുന്നതെല്ലം സ്വർഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും, നീ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും (മത്തായി 16:19). ഇതേ വാക്യം ശ്ലീഹന്മാരോടു പൊതുവായി പറയുന്നതായി മത്തായി 18:18 ലും കാണുന്നു. ഉത്ഥിതനായ ഈശോ ശ്ലീഹന്മാർക്കു പ്രത്യക്ഷപ്പെട്ട് അരുളിച്ചെയ്തതാണു മൂന്നമത്തെ വാക്യം: നിങ്ങൾ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിൻ. നിങ്ങൾ ആരുടെ പാപങ്ങൾ ക്ഷമിക്കുന്നുവോ അവ അവരോടു ക്ഷമിക്കപ്പെട്ടിരിക്കും നിങ്ങൾ ആരുടെ പാപങ്ങൾ ബന്ധിക്കപ്പെട്ടിരിക്കുന്നുവൊ അവ ബന്ധിക്കപ്പെട്ടിരിക്കും.

കുർബാനതിരുത്തുക

വിശുദ്ധ കുർബാന അല്ലെങ്കിൽ കുർബാന കദീശ (ܩܘܪܒܢܐ ܩܕܝܫܐ qûrbānâ qadîšâ, qurbono qadisho എന്ന് സുറിയാനി ഭാഷയിൽ ഉച്ചാരണം) മിശിഹായുടെ തിരു അത്താഴത്തെ അനുസ്മരിച്ചു കൊണ്ട് പതിവായി ക്രൈസ്തവ ദേവാലയങ്ങളിൽ നടക്കുന്ന ശുശ്രൂഷയാണു.

Holy qurbana

സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി കുർബാന അർപ്പിക്കുന്നു. പാലാ രൂപതാ മെത്രാൻ മാർ. ജോസഫ് കല്ലറങ്ങാട്ട് സഹകാർമികനായി സമീപം.

സുറിയാനി ഭാഷയിലെ കുറ്ബാന , കാറെബ് (ആനയിക്കുക എന്നർത്ഥം) തന്നെ മലയാളത്തിലേക്കും ആദേശം ചെയ്യപ്പെട്ടു. അറബിയിൽ കുറ്ബാന എന്നാൽ ബലി എന്നാണർത്ഥം


എല്ലാ വിശ്വാസികൾക്കുംവേണ്ടി പരികർമ്മം ചെയ്യപ്പെടുന്നതിനാൽ വിശുദ്ധ കുർബാന സമ്പൂർണ്ണ ആരാധനയായാണ് കരുതപ്പെടുന്നത്. മറ്റു തിരുക്കർമ്മങ്ങൾ വിശ്വാസികളുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കു വേണ്ടി പരികർമ്മം ചെയ്യപ്പെടുന്നു. ഈ തിരുക്കർമ്മങ്ങളുടെ പൂർത്തീകരണമായി വിശുദ്ധ കുർബാന നിലകൊള്ളുന്നു. അതിനാൽ വിശുദ്ധ കുർബാന സമ്പൂർണ്ണ ബലി, അല്ലെങ്കിൽ രാജകീയ ബലി ആയി അറിയപ്പെടുന്നു. സുറിയാനി പാരമ്പര്യത്തിൽ വിശുദ്ധ കുർബാനയെ കൂദാശകളുടെ രാജ്ഞി എന്നും വിളിക്കുന്നു.


സീറോ മലബാർ, കിഴക്കിന്റെ അസ്സീറിയൻ എന്നീ സഭകൾ പൌരസ്ത്യ സുറിയാനി രീതി (കൽദായ രീതി) പിന്തുടരുമ്പോൾ, ഇന്ത്യൻ ഓർത്തഡോക്സ്, സിറിയൻ ഓർത്തഡോക്സ്, സീറോ മലങ്കര, മാർത്തോമ്മാ സുറിയാനി സഭ, മാരൊനൈറ്റ്, എന്നീ സഭകൾ പാശ്ചാത്യ സുറിയാനി രീതി പിന്തുടരുന്നു. സുറിയാനി പദമായ കുർബാന ഹീബ്രു പദമായ കുർബാനിൽ(קרבן) നിന്ന് ഉദ്ഭവിച്ചതാണ്. കുർബാന എന്ന വാക്കിന്റെ അർത്ഥം അർപ്പണം വഴിപാട് എന്നൊക്കെയാണ്.

പൌരസ്ത്യ സഭകളിൽ പുരോഹിതനും ജനങ്ങളും കിഴക്കിനഭിമുഖമായി നിന്നാണ് കുർബാന അർപ്പിക്കുന്നത്. കിഴക്കുനിന്നുള്ള കർത്താവിന്റെ പ്രത്യാഗമനത്തെ പ്രതീക്ഷിച്ചുകൊണ്ട് ബലിയർപ്പിക്കുന്ന സഭയുടെ തീർത്ഥാടന സ്വഭാവത്തെ ഈ നിലപാട് സൂചിപ്പിക്കുന്നു. സമ്പൂർണ ആരാധനയായ വിശുദ്ധ കുർബാന കിഴക്കിനഭിമുഖമായി അർപ്പിക്കുന്നതിൽ താഴെപ്പറയുന്ന ദൈവശാസ്ത്ര അർത്ഥ തലങ്ങളും ഉൾച്ചേർന്നിരിക്കുന്നു.

Holy qurbana 2

കിഴക്കിനഭിമുഖമായുള്ള വിശുദ്ധ കുർബാന അർപ്പണം.

1. ക്രൈസ്തവാരാധന മിശിഹായിൽ കേന്ദ്രീകൃതമായതുകൊണ്ട് കിഴക്കോട്ട് തിരിയുന്നു. കിഴക്കു ദിക്ക് മിശിഹായെ സൂചിപ്പിക്കുന്നു.

2. ദൈവം പ്രകാശമാണ് (1 യോഹ 1:5), പ്രകാശം കിഴക്കുനിന്നു വരുന്നു. മിശിഹായെ നീതിസൂര്യനെന്നും(മലാക്കി 3:20) പൌരസ്ത്യനെന്നും (സക്ക 3:8, ഗ്രീക്ക് ബൈബിൾ) വേദപുസ്തകം വിശേഷിപ്പിക്കുന്നു.

3. മനുഷ്യന്റെ പുരാതനമായ ജന്മദേശമാണ് കിഴക്ക്. അതന്വേഷിച്ചും അതിന്റെ ദിശയിലും അവൻ ദൈവാരാധന നടത്തുന്നു. “അവിടുന്ന് കിഴക്ക് ഏദനിൽ ഒരു തോട്ടമുണ്ടാക്കി താൻ രൂപം കൊടുത്ത മനുഷ്യനെ അവിടെ താമസിപ്പിച്ചു” (ഉല്പത്തി 2:8)

4. മൂശെയുടെ കൂടാരത്തിന്റെ വിരിയും കൃപാസനവും കിഴക്കിനഭിമുഖമായിരുന്നു(ലേവ്യ 16:2). ജറുസലേം ദൈവാലയത്തിൽ കർത്താവിന്റെ പടിവാതിൽ കിഴക്കിന് അഭിമുഖമായിരുന്നു(എസക്കി 41:1).

5. മനുഷ്യപുത്രന്റെ ആഗമനം കിഴക്കു നിന്നായിരിക്കുമെന്ന് വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു. “കിഴക്കുനിന്ന് പടിഞ്ഞാറോട്ട് പായുന്ന മിന്നൽപ്പിണർ പോലെയായിരിക്കും മനുഷ്യപുത്രന്റെ ആഗമനം”(മത്താ 24:27).

മിശിഹായെ പ്രതീക്ഷിച്ച്, പ്രാർത്ഥിക്കാൻ കിഴക്കോട്ട് തിരിയുന്നത് ശ്ലീഹന്മാരിൽനിന്നുദ്ഭവിച്ച ഒരു അലിഖിത പാരമ്പര്യമാണ് (വിശുദ്ധ ജോൺ ഡമഷേനോ).

പുരോഹിതനും ശുശ്രൂഷികളും പ്രത്യേകമായി തയ്യാറാക്കപ്പെട്ട തിരുവസ്ത്രങ്ങൾ അണിഞ്ഞാണ് വിശുദ്ധ കുർബാന അർപ്പിക്കുന്നത്.

വിവാഹംതിരുത്തുക

ഈശോയ്ക്കു മുമ്പും ഈശോയുടെ കാലത്തും വിവാഹമുണ്ടായിരുന്നു. പക്ഷെ വിവാഹത്തെ സംബന്ധിച്ച യഹൂദ സങ്കല്പങ്ങള്‍ തിരുത്തിക്കുറിക്കുന്നതായിരുന്നു ഈശോയുടെ സമീപനം. ഈശോയെ പരീക്ഷിക്കുന്നതിനായി ഫരിസേയര്‍ ഉന്നയിച്ച ഒരു സംശയത്തിന്റെ ചുവടു പിടിച്ചാണു വിവാഹത്തിന്റെ ക്രിസ്തീയ വ്യതിരിക്തത ഈശോ വ്യക്തമാക്കിയത്. ഏതെങ്കിലും കാരണത്താല്‍ ഒരുവനു ഭാര്യയെ ഉപേക്ഷിക്കാമോ എന്നതായിരുന്നു അവരുടെ ചോദ്യം. (മത്തായി 19:3) വിവാഹത്തെ സംബന്ധിച്ചു നിലവിലുണ്ടായിരുന്ന ധാരണകള്‍ ഈശോ ആവര്‍ത്തിച്ചു: ആദിയില്‍ ദൈവം പുരുഷനേയും സ്ത്രീയെയും സൃഷ്ടിച്ചു; പുരുഷന്‍ ഭാര്യയോടു ചേര്‍ന്നിരിക്കും; അവര്‍ ഏകശരീരമായിത്തീരും (ഉല്പത്തി 1:27, 2;24; മത്തായി 19:5) തുടര്‍ന്നു ഈശോ കൂട്ടിച്ചേര്‍ത്തു, 'ആകയാള്‍ ദൈവം യോജിപ്പിച്ചതു മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ(മത്തായി 19:6). ഇതാണു വിവാഹത്തിന്റെ ക്രൈസ്തവ അനന്യത. ഏകദൈവമെന്ന ക്രൈസ്തവ വിശ്വാസവും (അതുപ്പോലെ ഏക ഭര്‍ത്താവും ഏക ഭാര്യയും) ദൈവവും മനുഷ്യനും തമ്മിലുള്ള അലംഘ്യമായ ഉടമ്പടിയുടെ പശ്ചാത്തലവും (വിവാഹമെന്ന ഉടമ്പടി) ക്രൈസ്തവ വിവാഹത്തിന്റെ ആണിക്കല്ലുകളാണു. അതുകൊണ്ടു തന്നെ വിവാഹമോചനം വിവാഹത്തെ സംബന്ധിച്ച ക്രിസ്തീയ ധാരണയ്ക്കു അന്യമാണു.

രോഗീലേപനംതിരുത്തുക

ഈശോയുടെ പരസ്യജീവിത കാലത്ത് അവിടുന്നു അനേകം രോഗികളെ സുഖപ്പെടുത്തി. സ്പര്‍ശനം കൊണ്ടും (മത്തായി 8:3), വാക്കുകള്‍ കൊണ്ടും (യോഹ 5:8) തുപ്പല്‍ പൂശിയും (യോഹ 9:6) ഈശോ രോഗികളെ സുഖപ്പെടുത്തി. ഈശോ ശ്ലീഹന്മാരെ ഏല്‍പ്പിച്ച പ്രേഷിത ദൌത്യത്തില്‍ രോഗികളെ സുഖപ്പെടുത്തണമെന്ന വ്യക്തമായ നിര്‍ദ്ദേശമുണ്ടായിരുന്നു. (മത്തായി 10:1). ശിഷ്യന്മാര്‍ തൈലം പൂശി രോഗികളെ സുഖപ്പെടുത്തിയതായി മര്‍ക്കോസ് രേഖപ്പെടുത്തിയിട്ടുണ്ട് (മര്‍ക്കോസ് 6:13). രോഗീലേപനം സഭയിലെ ഒരു ശുശ്രൂഷയായി വളര്‍ന്നുവന്നതായി യാക്കോബിന്റെ ലേഖനം സാക്ഷ്യപ്പെടുത്തുന്നു: നിങ്ങളില്‍ ആരെങ്കിലും രോഗിയാണെങ്കില്‍ അവന്‍ സഭയിലെ ശ്രേഷ്ഠന്മാരെ വിളിക്കട്ടെ. അവര്‍ കര്‍ത്താവിന്റെ നാമത്തില്‍ തൈലാഭിഷേകം ചെയ്ത് അവനു വേണ്ടി പ്രാര്ത്ഥിക്കട്ടെ. വിസ്വാസത്തോടെയുള്ള പ്രാര്‍ത്ഥന രോഗികളെ സുഖപ്പെടുത്തും (യാക്കോബ് 5: 14-15).

തിരുപ്പട്ടംതിരുത്തുക

ഈശോയുടെ ശിഷ്യരാകാനുള്ള വിളി എല്ലാവറ്ക്കും നൽകപ്പെട്ടിട്ടുണ്ട്. ഈശോ എല്ലാവരോടുമായി പറഞ്ഞു, 'ആരെങ്കിലും എന്നെ അനുഗമിക്കുവാൻ ആഗ്രഹിക്കുന്നെങ്കിൽ അവൻ തന്നെത്തന്നെ പരിത്യജിച്ച് അനുദിനം തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ. (ലൂക്കാ 9:23) എങ്കിലും ആദ്യം 12 ശിഷ്യന്മാരേയും (മത്തായി 10:1-5), പിന്നീട് 72 പേരേയും പ്രത്യേകം തിരഞ്ഞെടുത്ത് അയക്കുന്നതായി സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, സെഹിയോൻ ഊട്ടുശാലയിൽവച്ച് വിശുദ്ധ കുർബാന സ്ഥാപിച്ചത് തിരഞ്ഞെടുക്കപ്പെട്ട ശ്ലീഹന്മാരുടെ മധ്യത്തിൽ വച്ചായിരുന്നു. പാപമോചനാധികാരം കല്പ്പിച്ചു നൽകിയതും ശ്ലീഹന്മാർക്കു തന്നെ. ഇതിൽ നിന്നു സഭ ഗ്രഹിച്ച സത്യമിതാണ്: ഈശോയുടെ ശിഷ്യരാകാനുള്ള വിളി എല്ലാവർക്കും നൽകപ്പെട്ടിട്ടുണ്ടെങ്കിലുമ്, ശിഷ്യഗണത്തെ പഠിപ്പിക്കുന്നതിനും വിശുദ്ധീകരിക്കുന്നതിനും നയിക്കുന്നതിനും നേതാക്കന്മാരുടെ - അപ്പസ്തോലന്മാരുടെ - ഒരു സമൂഹത്തെ ഈശോ നിയോഗിച്ചു.

"https://sabhakosam.fandom.com/wiki/%E0%B4%95%E0%B5%82%E0%B4%A6%E0%B4%BE%E0%B4%B6?oldid=1426" എന്ന താളിൽനിന്നു ശേഖരിച്ചത്
Community content is available under CC-BY-SA unless otherwise noted.