FANDOM


ഈശോയെ അറിഞ്ഞിട്ടില്ലാത്ത ജനങ്ങൾക്ക് അവിടുത്തെ പകർന്ന് കൊടുക്കുന്ന കർമ്മത്തെ പ്രേഷിതപ്രവർത്തനം എന്നു വിളിക്കാം.
അപ്പസ്തോല പ്രവർത്തനങ്ങളിൽ " പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു ജറൂസലെമിലും യൂദയായിൽ എല്ലാടത്തും സമറിയയിലും ഭൂമിയുടെ അതിർത്തികൾ വരെയും എന്റെ സാക്ഷികൾ ആകും" എന്നു പറഞ്ഞിരിക്കുന്നു. കൂടാതെ മത്തായി അറിയിച്ച സുവിശേഷത്തിൽ "സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു. ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും അനുസരിക്കാൻ ഉപദേശിച്ചും കൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ" എന്നു ഈശോ അരുളിച്ചെയ്യുന്നു. ഇതാണ് ക്രൈസ്തവ പ്രേഷിതപ്രവർത്തനത്തിന്റെ അടിസ്ഥാനം. സഭയുടെ ക്രിപയും ദൈവവിളിയും അടങ്ങിയിരിക്കുന്നതു സുവിശേഷവത്കരണത്തിലാണു എന്ന് പോൾ ആറാമൻ പാപ്പാ ഈവഞ്ചേലി നൂൺഷിയന്തി (14) എന്ന ചാക്രിക ലേഖനത്തിൽ പ്രസ്ഥാവിക്കുന്നു. സഭയുടെ ഗഹനമായ തനിമയും അതിൽ തന്നെ. സഭ നിലനിൽക്കുന്നതു സുവിശേഷവത്കരണം എന്ന ലക്ഷ്യത്തിനാണു. എന്നാൽ സുവിശേഷവത്കരണം ഒറ്റപ്പെട്ടതൊ വൈയക്തികമോ ആയ ഒരു പ്രവർത്തനം അല്ല. അതു സഭയുടെ ഔദ്യോഗിക കർമ്മമാണ്, സഭാത്മക കർമ്മമാണ്. (60)

പ്രേഷിതപ്രവർത്തനം സുവിശേഷത്തിന്റെ പ്രഘോഷണം തിരുത്തുക

പിതാവ് എന്നെ അയച്ചതു പോലെ ഞാനും നിങളെ അയക്കുന്നു (യോഹ- 20:20). ഈശൊ ശിഷ്യന്മാർക്കു നല്കിയ ഈ കല്പനയാണ് സഭയുടെയും സഭാമക്കളുടെയും പ്രേഷിത ദൈവവിളിക്കു ആധാരം. പിതാവിന്റെ ഇഛയായ പ്രേഷിതപ്രവർത്തനം ഈശോ തുടർന്നതു പോലെ സഭയും പ്രേഷിത ദൗത്യം തുടരുന്നു. ഈശോയുടെ ദൗത്യം പ്രധാനമായും പിതാവിന്റെ രക്ഷാകര പദ്ധതി തുടരുകയെന്നതായിരുന്നുവല്ലൊ. തന്റെ ദൗത്യം ഉദ്ഘാടനം ചെയ്തു അവിടുന്നു പറഞ്ഞു: കർത്താവിന്റെ ആത്മാവു എന്റെ മേലുണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാൻ അവൻ എന്നെ അയച്ചിരിക്കുന്നു (ലൂക്കാ-4:18 ). പ്രേഷിതപ്രവർത്തനമെന്നാൽ ഈശോയുടെ സദ്വാർത്തയുടെ പ്രഘോഷണമാണ്. സമയം സമാഗതമായിരിക്കുന്നു, ദൈവരാജ്യം സമീപസ്ഥമാണ്, അനുതപിച്ച് സുവിശേഷത്തിൽ വിശ്വസിക്കുവിൻ (മർക്കോസ് - 1:14-15)എന്നതായിരുന്നുവല്ലോ ഈശോയുടെ സുവിശേഷപ്രഘോഷണത്തിന്റെ കാതൽ.

സഭ സുവിശേഷവത്കൃതവും സുവിശേഷവത്കരിക്കുന്നതുമായ സമൂഹംതിരുത്തുക

രാജ്യത്തിന്റെയും രക്ഷയുടെയും പുതുജീവന്റെയും സദ്വാർത്ത സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്ത സമൂഹമാണ് സഭ. ഈശോയുടെയും പന്ത്രണ്ട് ശ്ലീഹന്മാരുടെയും സുവിശേഷ പ്രവർത്തനത്തിന്റെ ഫലമായി രൂപം കൊണ്ട ദൈവമക്കളുടെ കുടുംബക്കൂട്ടായ്മയാണു സഭ [1]. സുവിശേഷവത്കരണ പ്രക്രിയ എങ്ങനെ സഭയുടെ വികാസത്തിലും സമൂഹങ്ങളുടെ രൂപവത്കരണത്തിലും സാവകാശം നടപ്പിലായി എന്നത് ശ്ലീഹന്മാരെ പ്രേഷിത ദൗത്യം ഏല്പ്പിക്കുന്ന ഈശോയുടെ വാക്കുകൾ വ്യക്തമാക്കുന്നു. ആദിമസഭയിൽ സുവിശേഷവത്കരണം എന്നാൽ സുവിശേഷത്തിന്റെ പ്രഘോഷണം (മർക്കോ. 16: 14-16) ആയിരുന്നു എങ്കിൽ, പിന്നീട് അത് സഭാംഗങ്ങളുടെ ജീവിതസാക്ഷ്യം ആയി ഉരുത്തിരിയുന്നതു കാണാം (ലൂക്കാ 24:48). സുവിശേഷ മൂല്യങ്ങൾക്കനുസൃതമായുള്ള ജീവിതമായി അവർ അതിനെ പരിവർത്തനപ്പെടുത്തി (മത്താ. 28:18-20). ഈശോയുടെ അയക്കപ്പെടലിൽ നിന്ന് ജന്മം കൊണ്ട സഭ ഈശോയോടുള്ള പ്രതിനന്ദിയെന്നോണം മക്കളെ പ്രേഷിതരായി അയക്കുന്നു. പിതാവ് എന്നെ അയച്ചതു പോലെ ഞാനും നിങ്ങളെ അയക്കുന്നു (യോഹ. 21:21)എന്ന വചനത്തിന്റെ പൊരുൾ ഇതാണു. ഈഅംഗീകാര മുദ്രയുടെ പിൻബലത്തിൽ ഈശോയുടെ നാമത്തിൽ സുവിശേഷത്തെ ആത്മാർത്ഥമായി സ്വീകരിക്കുകയും വിശ്വാസം പങ്കുവക്കുകയും ചെയ്തവർ ഒരുമ്മിച്ചു കൂടുമ്പോൾ ദൈവരാജ്യം സംസ്ഥാപിതമാകുന്നു, ദൈവരാജ്യം അവർ ജീവിക്കുന്നു. അവർ സുവിശേഷവത്കൃതമാവുന്നതോടൊപ്പം സുവിശേഷവത്കരണത്തിൽ പങ്കുകാരാവുകയും ചെയ്യുന്നു. [2]

പ്രേഷിതപ്രവർത്തനം: സഭാത്മക കർമ്മംതിരുത്തുക

സഭ സുവിശേഷത്തിന്റെ ഭൗതിക അടയാളമാണ് [3]. അതുകൊണ്ട് തന്നെ പ്രേഷിതപ്രവർത്തനം പൂർണ്ണമായും സഭാത്മകം ആണ്. പ്രേഷിതൻ എന്നാൽ ക്രിസ്തുസംഭവത്തിന്റെ ശ്ലൈഹിക അനുഭവത്തിൽ പങ്കുപറ്റുന്ന വ്യക്തികളുടെ കൂട്ടായ്മയായ സഭയുടെ ദൗത്യവാഹകനാണ്. ഈശോ പങ്കുവച്ച രക്ഷയുടെ ദൈവിക അനുഭവത്തിൽ പങ്കുകരാകാത്ത ആർക്കും യഥാർത്ഥത്തിൽ പ്രേഷിതപ്രവർത്തനം നടത്താൻ ആവില്ല. പ്രഘോഷണം എന്ന പദം തന്നെ ഇത് സൂചിപ്പിക്കുന്നു. പ്രഘോഷണത്തിന്റെ ഗ്രീക്കു പദമായ 'കെരുസെയിൻ' വാക്കുകൾ കൊണ്ടുള്ള പ്രസംഗം എന്നാണു സാധാരണ തർജ്ജമ ചെയ്യുന്നതു. സുവിശേഷം (സദ്വാർത്ത) വാർത്ത ആകയാൽ അതു പറയപ്പെടേണ്ടതു തന്നെ ആണ്. എന്നാൽ 'കെരുസെയിൻ' വെറും പ്രസംഗം അല്ല, മറിച്ചു അത് വാക്കും പ്രവർത്തികളും ജീവിതവും അടങ്ങുന്ന സത്തയാണു. ഈശോയുടെ പ്രേഷിതപ്രവർത്തനത്തെ മത്തായി ശ്ലീഹാ വിവരിക്കുന്നത് ഇങ്ങനെയാണു: ഈശോ ഗ്രാമങ്ങളിലും പട്ടണങ്ങളിലും പോയി രാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചും അവരുടെ സിനഗോഗുകളിൽ പഠിപ്പിച്ചും രോഗികളെ സുഖപ്പെടുത്തുകയും ചെയ്തു. (മത്താ. 9: 35). പ്രേഷിതവർത്തനമെന്നാൽ ഈശോയെ സംബന്ധിച്ചു ജീവിതം മുഴുവൻ ചൂഴ്ന്നു നിൽക്കുന്ന ഒന്നാണു.

ഈശോയുടെ ജീവിതം തന്നെ സദ്വാർത്തയുടെ പ്രഘോഷണം ആയിരുന്നു. 'മാംസമായ വചനം' എന്നാൽ ' ജീവ രൂപമെടുത്ത സന്ദേശം' എന്നാണു[4]. ക്രിസ്തു ശിഷ്യരിൽനിന്നും ഇതേ പ്രതികരണം ആണു പ്രതീക്ഷിക്കുന്നത്. ഈശോയുടെ സുവിശേഷവത്കരണത്തിന്റെ തുടർച്ചയാണു സഭയിലൂടെ ഓരോ ക്രിസ്തു ശിഷ്യനും ചെയ്യുന്നത്. അതിനാൽ തന്നെ സഭയോടു ബന്ധപ്പെടാത്ത ഒരുവനും നിയതമായും നയ്യാമികമായും പ്രേഷിതപ്രവർത്തനത്തിൽ ഏർപ്പെടാനാവില്ല.

സുവിശേഷത്തിന്റെ ത്രിവിധ ശുശ്രൂഷതിരുത്തുക

  • വചന സ്വീകരണം
പ്രേഷിത പ്രവർത്തനത്തിന്റെ ത്രിവിധ ശുശ്രൂഷകളിൽ ഒന്നാമത്തേതാണ് വചന സ്വീകരണം. വചനം സ്വീകരിച്ച ദൈവസമൂഹത്തിന്റെ കൂട്ടായ്മയാണ് സഭ.
  • വചനാധിഷ്ടിത ജീവിതം
പ്രേഷിത പ്രവർത്തനത്തിന്റെ ത്രിവിധ ശുശ്രൂഷകളിൽ രണ്ടാമത്തേത് വചനാധിഷ്ടിത ജീവിതമാണ്. വചനത്തിൽ വിശ്വസിക്കുകയും പ്രഘോഷിക്കുകയും ചെയ്യുന്നതോടൊപ്പം വിശ്വാസികൾ വചനം ജീവിക്കുവാനും കടപ്പെട്ടിരിക്കുന്നു.
  • വചനത്തിന്റെ ആഘോഷം
പ്രേഷിത പ്രവർത്തനത്തിന്റെ ത്രിവിധ ശുശ്രൂഷകളിൽ മൂന്നാമത്തേതിനെ വചനത്തിന്റെ ആഘോഷം എന്നു കരുതാം. സഭ വചനത്തെ ആഘോഷിക്കുന്നവരുടെ കൂട്ടായ്മ കൂടിയാണ്.

ആരാധനക്രമവും സുവിശേഷ പ്രഘോഷണവും തിരുത്തുക

പ്രേഷിതപ്രവർത്തനത്തിനുള്ള അവകാശംതിരുത്തുക

ഓരോ വ്യക്തിസഭയ്ക്കും തങ്ങൾക്കു ലഭിച്ച സുവിശേഷവും തങ്ങളുടെ ശ്ലൈഹിക പാരമ്പര്യവും പ്രഘോഷിക്കുവാനുള്ള ദൈവദത്തമായ കടമയും അവകാശവും ഉണ്ട്. സുവിശേഷം പ്രഘോഷിക്കാനുള്ള കടമയിൽ നിന്ന് ആർക്കും ഒഴിയാൻ ആവില്ല എന്ന് പൗലോസ് ശ്ലീഹാ പറയുന്നു (1 കൊറി. 9:16)). ഈ കടമ ഈശോ നൽകിയ കല്പനയിൽ നിന്നു മാത്രമല്ല ഉണ്ടാകുന്നത്, മറിച്ചു സഭയിലൂടെ ഒരുവന് ലഭ്യമാകുന്ന വചനാനുഭവത്തിന്റെ ശക്തിയാലും ആണു[5]. അപ്പസ്തോലന്മാരുടെ നടപടിയിൽ ഈ ആശയം ആവർത്തിച്ചു പ്രകടമാകുന്നുണ്ട് (നട. 4: 33; 8: 4)

സീറോ മലബാർ സഭയുടെ പ്രേഷിതപ്രവർത്തനം തിരുത്തുക

മറ്റേതൊരു സഭയെയും പോലെ സീറോ മലബാർ സഭയും പൂർണ്ണതയുള്ള ഒരു വ്യക്തി സഭ ആയതിനാൽ പ്രേഷിതപ്രവർത്തനം നടത്താനുള്ള അവകാശവും കടമയും ഈ സഭയ്ക്കു ഉണ്ട്. അത് സീറോ മലബാർ സഭയുടെ വിശ്വാസ ഉറവിടങ്ങളായ ആരാധനാക്രമം, ആത്മീയ പൈതൃകം, ദൈവശാസ്ത്രം എന്നീ പാരമ്പര്യത്തിൽ അടിയുറച്ച് ആയിരിക്കണം. കഴിഞ്ഞ നാലു നൂറ്റാണ്ടുകളിൽ ഇക്കാര്യത്തിൽ സഭയുടെ സ്ഥിതി ആശാവഹമോ ആദർശത്തിലൂന്നിയതൊ അല്ല. കാലത്തിന്റെ ഒഴുക്കിൽ സീറോമലബാർ സഭക്കു മേൽ റോമാ മാർപ്പാപ്പ ഭൂമിശാസ്ത്രപരമായ പരിധി നിർണ്ണയിച്ഛിരുന്നത് സുവിശേഷ മൂല്യങ്ങൾക്കോ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പഠനങ്ങൾക്കോ നിരക്കുന്നതല്ല. [6]

അവലംബംതിരുത്തുക

  1. വെള്ളാനിക്കൽ, (2009) സീറോമലബാർ സഭയുടെ സുവിശേഷവത്കരണ ദൗത്യം, www.sedosmission.org
  2. ഈ. നൂ. 13
  3. വെള്ളാനിക്കൽ, (2009) സീറോമലബാർ സഭയുടെ സുവിശേഷവത്കരണ ദൗത്യം, www.sedosmission.org
  4. വെള്ളാനിക്കൽ, (2009) സീറോമലബാർ സഭയുടെ സുവിശേഷവത്കരണ ദൗത്യം, www.sedosmission.org
  5. വെള്ളാനിക്കൽ, 2009. സീറോമലബാർ സഭയുടെ സുവിശേഷവത്കരണ ദൗത്യം
  6. വെള്ളാനിക്കൽ, 2009 സീറോമലബാർ സഭയുടെ സുവിശേഷവത്കരണ ദൗത്യം