Sabhakosam Wiki
Advertisement

ഓരോ വ്യക്തിസഭയ്ക്കും തങ്ങൾക്കു ലഭിച്ച സുവിശേഷവും തങ്ങളുടെ ശ്ലൈഹിക പാരമ്പര്യവും പ്രഘോഷിക്കുവാനുള്ള ദൈവദത്തമായ കടമയും അവകാശവും ഉണ്ട്. സുവിശേഷം പ്രഘോഷിക്കാനുള്ള കടമയിൽ നിന്ന് ആർക്കും ഒഴിയാൻ ആവില്ല എന്ന് പൗലോസ് ശ്ലീഹാ പറയുന്നു (1 കൊറി. 9:16)). ഈ കടമ ഈശോ നൽകിയ കല്പനയിൽ നിന്നു മാത്രമല്ല ഉണ്ടാകുന്നത്, മറിച്ചു സഭയിലൂടെ ഒരുവന് ലഭ്യമാകുന്ന വചനാനുഭവത്തിന്റെ ശക്തിയാലും ആണു[1]. അപ്പസ്തോലന്മാരുടെ നടപടിയിൽ ഈ ആശയം ആവർത്തിച്ചു പ്രകടമാകുന്നുണ്ട് (നട. 4: 33; 8: 4)

സഭ സഭകളുടെ കൂട്ടായ്മയാണ് എന്ന ആശയത്തിലൂന്നിയ സഭാത്മക കാഴ്ചപാടു സ്വീകരിച്ച രണ്ടാ, വത്തിക്കാൻ കൗൺസിൽ സഭകളുടെ ശ്റേഷ്ഠതയെയും അവകാശങ്ങളെയും തുല്യവത്കരിക്കുന്ന നിലപാടുകൾ കൈക്കൊള്ളുകയുണ്ടായി[2]. പ്റേഷിതപ്രവർത്തനത്തിനു എല്ലാ സഭകൾക്കും തുല്യ അവകാശവും കടമയുമുണ്ട് രണ്ടാം വത്തിക്കാൻ സൂനഹദോസ് എന്നു പ്രസ്ഥാവിച്ചു. "വ്യക്തി സഭകൾ അത് പൗരസ്ത്യമോ പാശ്ചാത്യമോ ആകട്ടെ, അന്തസ്സിൽ തുല്യവും റീത്ത് അടിസ്ഥാനത്തിൽ മറ്റൊന്നിനെക്കാൾ ശ്രേഷ്ഠമോ അല്ല. അവ മാർപ്പാപ്പയുടേ നേതൃത്വത്തിൽ തുല്യ കടമകൾ പേറുകയും തുല്യ അവകാശങ്ങളിൽ പങ്കു പറ്റുകയും ചെയ്യുന്നു [3]. വത്തിക്കാൻ കൗൺസിൽ രേഖകളുടെ പ്രസിദ്ധ വ്യാഖ്യാതാവായ വൾട്ടർ ആബട്ട് ഈ പ്രസ്ഥാവത്തിനു പ്രത്യേക കുറിപ്പ് നൽകുന്നുണ്ട്: ലത്തീൻ റീത്തിനു മറ്റു റീത്തുകളേക്കാൾ മുന്തൂക്കം ഉണ്ട് എന്ന ധാരണയെ തിരുത്തുകയായിരുന്നു കൗൺസിൽ. സീറോ മലബാർ സഭയുടെ പ്രത്യേകമായ സഭാചരിത്ര സാഹചര്യവും പ്രേഷിത പ്രവർത്തനത്തിനുള്ള തടസ്സങ്ങലെയും അദ്ദേഹം ഈ കുറിപ്പിൽ എടുത്തു പറയുന്നു. [4]. കത്തോലിക്കാ സഭ 21 സഭകളുടെ കൂട്ടായ്മയാണല്ലോ. എന്നാൽ ചരിത്രത്തിന്റെ കുത്തോഴുക്കിൽ റോമായിലെ സഭ കത്തോലിക്കാ സഭയുടെ പര്യായമായി മാറുകയും മറ്റ് സഭകളുടെ അവകാശങ്ങൾ തമസ്കരിക്കപ്പെടുകയും ചെയ്തു.

അവലംബം

  1. വെള്ളാനിക്കൽ, 2009. സീറോമലബാർ സഭയുടെ സുവിശേഷവത്കരണ ദൗത്യം
  2. വത്തിക്കാൻ സൂനഹദോസ് പ്രമാണരേഖകൾ, വത്തിക്കാൻ, (മലയാള പരിഭാഷ: ധർമ്മാരാം പബ്ലിക്കേഷൻസ്
  3. പൗ. സ. 3
  4. ആബട്ട്, രണ്ടാം വത്തിക്കാൻ സൂനഹദോസ് പ്രമാണരേഖകൾ, ന്യൂ യോർക്ക്: 1996, പു. 374

വർഗ്ഗം:പ്രേഷിതപ്രവർത്തനം

Advertisement