FANDOM


മാർത്തോമ്മാ ക്രിസ്ത്യാനികളുടെ ലഘുചരിത്രംതിരുത്തുക

തോമാശ്ലീഹാതിരുത്തുക

ക്രിസ്തുവർഷം 52-ൽ ക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പസ്തോലന്മാരിലൊരുവനായ തോമാശ്ലീഹാ കേരളത്തിലെത്തി. മലബാറിലെ മുസ്സിരിസ്സിലാണു (കൊടുങ്ങല്ലൂർ) അദ്ദേഹം കപ്പലിറങ്ങിയത്. തെക്കെ ഇൻഡ്യയിൽ സ്ഥിതി ചെയ്യുന്ന മലബാർ ‍ഇന്നത്തെ കേരളത്തെക്കാൾ വലുതും കേരളത്തിന്റെ വടക്കുഭാഗത്തു ഇന്നു മലബാർ എന്ന വിശേഷിക്കപ്പെടുന്ന ഭൂവിഭാഗത്തെക്കാൾ വ്യത്യസ്തവുമായിരുന്നു. ക്രിസ്തുവിനു മുമ്പുപോലും മധ്യപൂർവ്വ രാജ്യങ്ങളുമായി വണിജ്യബന്ധം സ്ഥപിച്ചതിൽ ഖ്യാതി നേടിയിരുന്നു മലബാർ. മലബാറിന്റെ തീരപ്രദേശങ്ങളിൽ ധാരാളം യഹൂദ കോളനികളുണ്ടയിരുന്നു. ഇസ്ലാം മതത്തിന്റെ ആവിർഭാവത്തിനു മുമ്പുവരെ ഇവരുടെ വാണിജ്യഭാഷ, ഈശോ സംസാരിച്ചിരുന്ന ഭാഷയായ 'അറമായ' ആയിരുന്നു.

തോമാശ്ലീഹാ മലബാറിൽ സുവിശേഷവേല നിർവഹിച്ചതിന്റെ ഫലമായി ഇവിടെ സഭാകേന്ദ്രങ്ങൾ രൂപമെടുത്തു. ഏഴരപ്പള്ളികൾ എന്നറിയപ്പെടുന്ന ഈ കേന്ദ്രങ്ങൾ മുസ്സരിസ്സ് (കൊടുങ്ങല്ലൂർ), പാലയൂർ (ചാവക്കാട്), കൊക്കമംഗലം, പറവൂർ (കോട്ടക്കാവ്), നിരണം, കൊല്ലം, നിലക്കൽ (ചായൽ) എന്നിവയാണ്. ഒടുവിൽ പ്രവർത്തിച്ച സ്ഥലമായ തമിഴ്നാട്ടിലെ മൈലപ്പൂരിൽ വച്ച് ക്രിസ്തുവർഷം 72 ൽ അദ്ദേഹം രക്തസാക്ഷിയായി. തോമ്മാസ്ലീഹയുടെ കബറിടം മൈലാപൂരിൽ ഇപ്പോഴുണ്ടെങ്കിലും അവിടുത്തെ ഭൌതികശരീരം സിറിയയിലെ എദ്ദേസായിലേയ്ക്കു കൊണ്ടുപോകുകയും പിന്നീടു്‌ ഇറ്റലിയിലെ ഓർത്തൊണയിൽ സൂക്ഷിച്ചിരിക്കുന്നു.

എന്നാൽ ക്രിസ്തുവർഷം 44-ൽ തോമാശ്ലീഹാ ഗുജറാത്തിലെ ബറൂച്ചിൽ എത്തിയെന്നും ഉജ്ജൈൻ മഥുര വഴി തക്ഷശില വരെ സഞ്ചരിച്ചെന്നും ക്രിസ്തുവർഷം 49-വരെ സുവിശേഷ വേല ചെയ്തെന്നും ആധുനിക പഠനങ്ങൾ തെളിയിക്കുന്നു. രാഷ്ടീയ സാഹചര്യങ്ങൾ അനുകൂലമല്ലാതിരുന്നതിനാൽ അദ്ദേഹം തിരിച്ചുപോയെന്നും രണ്ടാം ഭാരത യാത്രയിലാണു ക്രി.വ.52ൽ അദ്ദേഹം ദക്ഷിണ ഭാരതത്തിലെത്തിയതെന്നും പ്രസ്തുത പഠനം സ്ഥാപിക്കുന്നു. രണ്ടാം നൂറ്റണ്ടിനു ശേഷം എഴുതപ്പെട്ട ശേഷം എഴുതപെട്ട യൂദാസ് തോമസിന്റെ നടപടികൾ എന്ന അപ്പോക്രിഫൽ ഗ്രന്ഥത്തിലെ പരാമർശങ്ങളുമായി ഈ വാദഗതിക്കു സുദൃഡമായ സാമ്യമുണ്ടു. ഗുണ്ടഫർ എന്ന ഇന്ത്യൻ രാജാവിന്റെ ക്ഷണപ്രകാരം അദ്ദേഹത്തിനു ഒരു ട്ടാരം പണിയാനാൺ തോമാശ്ലീഹാ ഭാരതത്തിലെത്തിയത്. എന്നു പ്രസ്തുത ഗ്രന്ഥം സാക്ഷിക്കുന്നു. പത്തൊമ്പതാം ശതകത്തിൽ ഭാരതത്തിന്റെ പശ്ചിമോത്തര ഭാഗങ്ങളിൽ നടന്ന പുരാവസ്തു ഖനനങ്ങളിൽ ഗുണ്ടഫർ രാജാവിന്റെ നാണയങ്ങൾ കണ്ടെടുത്തതു ഇത് ചരിത്ര സംഭവമാണെന്നു തന്നെ തെളിയിക്കുന്നു.

ഭാരതത്തിലെ ആദിമ ക്രൈസ്തവരുടെ ജീവിതംതിരുത്തുക

തോമാശ്ലീഹാ മാമ്മോദീസാ നൽകിയ ക്രൈസ്തവ സമൂഹം ആദിമ നൂറ്റണ്ടുകൾ മുതലേ മാർത്തോമ്മാ ക്രിസ്ത്യാനികൾ എന്നാണു അറിയപ്പെടുന്നത്. തദ്ദേശീയമായ ഹൈന്ദവാചരങ്ങളേയും മുദ്രകളേയും അവർ ക്രൈസ്തവവൽക്കരിക്കുകയും പൌരസ്ത്യ സുറിയാനി ആരാധനാ ക്രമം അനുഷ്ടിച്ചു പോരുകയും ചെയ്തു. വിശ്വാസത്തിൽ ക്രൈസ്തവവും, ആരാധനക്രമത്തിൽ കൽദായവും സംസ്കാരത്തിൽ ഭരതീയവുമായ ജീവിതശൈലിയായിരുന്നു അവരുടേത്. ആദ്യകാലഘട്ടങ്ങളിലുള്ള ഇവരുടെ ഭരണ നേതൃത്വത്തെക്കുറിച്ചു കാര്യമായ അറിവു നമുക്കില്ല. എന്നാൽ തോമ്മാശ്ലീഹാ വൈദികരെ അഭിഷേകം ചെയ്തിരുന്നു എന്നതിനു പുരാതനപ്പാട്ടുകൾ സാക്ഷം നൽകുന്നു.

ക്രിസ്തുവർഷം 345-ൽ കാനായത്തോമ്മായുടെ നേതൃത്വത്തിൽ ഒരുകൂട്ടം ക്രൈസ്തവരും ഒരു മെത്രാനും മലബാറിലെത്തിയത് ഇവിടുത്തെ സഭയെ ശക്തപ്പെടുത്തിയിട്ടുണ്ടു. കാനായിത്തൊമ്മന്റെ അനുഗാമികളെ ഇന്നു തെക്കും ഭാഗർ എന്നാണു‍ വിളിക്കുന്നത്. പതിനാറാം നൂറ്റാണ്ടിന്റെ അന്ത്യം വരെയും പേർഷ്യ, സെലൂഷ്യ-സ്റ്റെസ്സി ഫോൺ സഭകളിൽ നിന്നായിരുന്നു ഇവർ മെത്രൻമാരെ സ്വീകരിച്ചിരുന്നത്. സെലൂഷ്യ- സ്റ്റെസ്സിഫോൺ സഭ സെത്തൊറിയൻ പാഷണ്ഢതയിലുൾപ്പെട്ടതായി കരുതുന്നെങ്കിലും മാർത്തോമ്മാ ക്രിസ്ത്യാനികളെ പാഷണ്ഢത സ്പർശിച്ചതേയില്ല. ഈ സഭ വിശ്വാസം അഭംഗുരം കാത്തുസൂക്ഷിക്കുകയും റോമൻ മെത്രാന്റെ പ്രാമുഖ്യം അംഗീകരിക്കുകയും ചെയ്തുപോന്നു. പൌരസ്ത്യ സുറിയാനി പാത്രിയാർക്കെസിന്റെ കീഴിലായിരുന്നതിനാലും ഭൂമിശാസ്ത്ര രാഷ്രീയ കാരണങ്ങളാലും മാർത്തോമ്മാക്രിസ്ത്യനികൾക്കു റോമാമെത്രാനുമായി നേരിട്ടു ബന്ധമില്ലായിരുന്നു എന്നുമാത്രം.

തദ്ദേശീയമായ ഭരണരീതിയായിരുന്നു മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ക്കു ഉണ്ടായിരുന്നതു. അര്‍ക്കദിയക്കോന്‍ എന്ന പദവിയുള്ള ഒരു മാര്‍ത്തോമ്മാ നസ്രാണി വൈദികനയിരുന്നു സഭയുടെ ഭരണാധിപന്‍. അഖില ഭാരതത്തിന്റെ അര്‍ക്കദിയക്കോന്‍ എന്ന പദവിയുണ്ടയിരുന്ന ഇദ്ദേഹമായിരുന്നു സഭയുടെ യഥാര്‍ത്ഥ ഭരണാധിപന്‍. ഇവിടുത്തുകാരെ സംബന്ധിച്ചിടത്തോളം വിദേശിയനായിരുന്ന മെത്രാനാകട്ടെ ആത്മീയാധികാരം മാത്രമാണു ഉണ്ടയിരുന്നതുഅഖിലഭാരത്തിന്റെ കവാടവും മെത്രാപ്പോലീത്തയും എന്നണു അദ്ദേഹം അറിയപ്പെട്ടിരുന്നതു. ഇവിടുത്തെ സഭാഭരണം 'പള്ളിയോഗം' എന്ന ഉന്നതാധികാരം സംഘമാണു നടത്തിയിരുന്നത്. ഉന്നത ഹൈന്ദവ ജാതികളോളംതന്നെ ശ്രേഷ്ടമായ രാഷ്ട്രീയ സംസ്കാരിക ജീവിതം ക്രൈസ്തവര്‍ നയിച്ചിരുന്നു. കാലാകാലങ്ങളില്‍ അര്‍ഹമായ അവകാശങ്ങള്‍ ഹിന്ദുഭരണാധിപന്‍മാരില്‍ നിന്നു ലഭിക്കുകയും ചെയ്തു പോന്നു.

പോർച്ചുഗീസ് പ്രേഷിതരും ലത്തീൻ സഭയുംതിരുത്തുക

മാർത്തോമ്മാ ക്രിസ്ത്യാനികളുടെ ജീവിതത്തിന്റെ വളർച്ചയുടെ ഗതി തിരിച്ചുവിട്ട സംഭവമായിരുന്നു 1498-ലെ പോർടുഗീസ് മിഷിനറിമാരുടെ ആഗമനം. ആദ്യ കാലങ്ങളിൽ ഇവിടുത്തുകാർ പൊർച്ചുഗീസുകാരെ വിശ്വാസത്തിൽ ക്രൈസ്തവ സഹോദരൻമാരായി കണക്കാക്കുകയും എല്ലാവിധ സഹായ സഹകരണങ്ങൾ നൽകുകയും ചെയ്തു. എന്നാൽ പോർച്ചുഗീസ് മിഷിനറിമാർ മാർത്തോമാ ക്രിസ്ത്യാനികളുടെ ആചാരാനുഷ്ഠാനങ്ങൾ ശരിയായി ഗ്രഹിക്കാനാവാത്തതിനാൽ അവയൊക്കെയും തെറ്റെന്നു മുദ്ര കുത്തുകയും ലത്തീൻ സഭയുടെ രീതികൾ ഇവിടെ അടിച്ചേൽപ്പിക്കുവാനും തുടങ്ങി. സംസ്കാരിക സാമ്പത്തിക നിലവാരത്തിൽ പിന്നോക്കമായിരുന്ന തീരദേശവാസികളായ ഹൈന്ദവരെ അവർ സ്നാനപ്പെടുത്തി ലത്തീൻ സഭയുടെ ഭാരതത്തിലെ അംഗബലം വർദ്ധിപ്പിച്ചു. 1534-ൽ ഗോവ ലത്തീൻ രൂപത സ്ഥാപിച്ചു.1558-ല്- കൊച്ചി രൂപതയെ സാമാന്ത രൂപതയാക്കി സ്ഥാപിച്ചു കൊണ്ടു ഗോവയെ അതിരൂപതയാക്കി. ഈ രൂപതകളിൽ മെത്രാൻമാരെ നിയമിക്കുന്നതിനുള്ള അവകാശം പദ്രുപാദോ എന്ന പോർട്ടുഗീസ് രാജാവിനായിരുന്നു.

ഉദയംപേരൂർ സൂനഹദോസ്തിരുത്തുക

കേരളത്തിലെ നസ്രാണി ക്രിസ്ത്യാനികളെ കത്തോലിക്കാ സഭയിലേക്കു കൊണ്ടുവരാനായി ഗോവ ആസ്ഥാനമാക്കിയിരുന്ന പാശ്ചാത്യ ലത്തീൻ സഭാപ്രതിനിധികൾ വിളിച്ചുചേർത്ത സഭാസമ്മേളനമാണ് ഉദയംപേരൂർ സൂനഹദോസ് അഥവാ ഉദയം‌പേരൂർ സൂനഹദോസ് (ആംഗലേയത്തിൽ Synod of Diamper)(1599 ജൂൺ 20-26) [1]. കേരള ചരിത്രത്തിൽ, വിശേഷിച്ചും ക്രിസ്ത്യൻ സഭാചരിത്രത്തിൽ, ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയ ഒരു സംഭവമായാണ്‌ ഉദയംപേരൂർ സുന്നഹദോസിനെ കണക്കാക്കുന്നത്‌. നസ്രാണികൾ എന്നറിയപ്പെട്ടിരുന്ന കേരളത്തിലെ (മാർത്തോമാ ക്രിസ്ത്യാനികൾ) 1500 ഓളം വർഷങ്ങളായി പിന്തുടർന്നിരുന്ന കേരള ക്രൈസ്തവ പാരമ്പര്യത്തിന്മേലുള്ള ഒരു ആക്രമണമായി ഇതിനെ പലരും കാണുന്നു. [2]

അക്കാലത്ത് ഗോവ പോർച്ചുഗീസ് ആധിപത്യത്തിൻ കീഴിലായിരുന്നു. അവിടത്തെ മെത്രാപ്പോലീത്ത, ഡോ. അലെക്സൊ ഡെ മെനസിസ് (ഡോ. അലെയ്ജോ ഡെ മെനസിസ്‌) ആണ്‌ സുന്നഹദോസ്‌ വിളിച്ചുകൂട്ടിയത്‌. അങ്കമാലി രൂപതയുടെ അധികാരപരിധിയിൽ ആണ്‌ സൂനഹദോസ്‌ നടന്നത്‌. അക്കാരണത്താൽ അങ്കമാലി സുന്നഹദോസ്‌ എന്നാണ്‌ വിളിക്കേണ്ടതെങ്കിലും അതിന്റെ പ്രത്യേകത മൂലം നടന്ന സ്ഥലമായ ഉദയംപേരൂരിന്റെ പേർ ചേർത്ത് അതിനെ വിളിക്കുന്നു.[3] കൂടുതൽ അറിയാൻ >>

കൂനൻ കുരിശു സത്യംതിരുത്തുക

സഭയിൽ പ്രശ്നങ്ങൾ രൂക്ഷമായപ്പോൾ പലതരത്തിലുള്ള പ്രതികരണങ്ങൾ ഉടലെടുത്തു. 1653-ൽ കേരളത്തിലെ ക്രൈസ്തവരിലെ ഒരു വിഭാഗം, തങ്ങളുടെ സഭയെ പോർച്ചുഗീസുകാരും ജെസ്യൂട്ട് പാതിരികളും റോമൻ മാർപ്പാപ്പയുടെ കീഴിൽ വരുത്തുവാൻ നടത്തിയ പീഡകൾ കാരണമായി ഇനി മുതൽ തങ്ങളും പിൻ‍ഗാമികളും സാമ്പാളൂർ പാതിരിമാരുമായി ഒരുമിക്കുകയില്ല എന്ന് സത്യമെടുക്കുകയുണ്ടായി. ഇത് കൂനൻ കുരിശ് കലാപം' എന്നും സംഭവം കൂനൻ കുരിശ് പ്രതിജ്ഞ എന്നും അറിയപ്പെടുന്നു. ഒരു പക്ഷേ വൈദേശിക താല്പര്യങ്ങളോട് എതിർപ്പ് പ്രകടിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ സംഘടിത ചെറുത്തു നില്പ് ഇതായിരിക്കാം എന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നുണ്ട്. കൂടുതൽ അറിയാൻ >>

പഴയ-പുത്തൻ കൂറുകൾതിരുത്തുക

1655-ൽ ഏതാനും കർമ്മലീത്താ സന്യാസുകൾ കേരളത്തിലെത്തിച്ചേർന്നു. നസ്രാണികൾ പ്രധാനമായും വെറുത്തിരുന്നത് ഈശോ സഭക്കാരെയാണ്. അതിനാൽ കർമ്മലീത്താക്കാർക്കു നസ്രാണികളുമായി അനുരഞ്ജന ശ്രമങ്ങൾ നടത്താൻ ബുദ്ധിമുട്ടുണ്ടായില്ല. ജോസഫ് സെബാസ്തീനി എന്ന വൈദികനായിരുന്നു അവരുടെ നേതാവ്. ഒന്നാം മാർത്തോമ്മാ മെത്രാന്റെ പദവിക്ക് കോട്ടം തട്ടാതെയുള്ള ഒത്തുതീർപ്പാണ് നസ്രാണികൾ ആഗ്രഹിച്ചത്. അതിൽ കുറഞ്ഞ ഒന്നിനും സാധ്യമല്ലാത്ത സ്ഥിതിയാണുണ്ടായിരുന്നത്. എന്നാൽ ഇതിനിടക്ക് റൊമിലേയ്ക്ക് പോയ ജോസഫ് സെബാസ്തീനി മെത്രാനായാണ് തിരിച്ചു വന്നത്. മാർപാപ്പയിൽ നിന്ന് മാർത്തോമ്മാ ക്രിസ്ത്യാനികളെ ഭരിക്കാനുള്ള പ്രത്യേക അനുമതി അദ്ദേഹത്തിന് ലഭിച്ചിരുന്നു. അതോടെ കർമ്മലീത്തർ അനുരഞ്ജന ശ്രമം ഉപേക്ഷിച്ചു. അവർ കൊച്ചീ രാജാവിന്റെ സഹായത്തോടെ മാർ തോമാ മെത്രാനെ കൂടുക്കാൻ നോക്കിയെങ്കിലും വിജയിച്ചില്ല. എന്നാൽ അദ്ദേഹം അങ്കമാലി പള്ളി രാജാവിൽ നിന്നു വിലകോടുത്തു വാങ്ങി. ഡച്ചുകാരുടെ ശക്തി വർദ്ധിക്കുക മൂലം പൊർത്തുഗീസുകാർക്ക് കേരളം വിട്ട് പോകേണ്ടി വന്നതിനു മുൻപേ ചുരുങ്ങിയ കാലം കൊണ്ട് 84 പള്ളികൾ റോമൻ കത്തോലിക്കാ സഭയുടേ നിയന്ത്രണത്തിലാക്കി. 32 പള്ളികൾ മാത്രമേ തോമ്മാ മെത്രാനൊപ്പം നിന്നുള്ളൂ അങ്ങനെ നസ്രാണി ക്രിസ്ത്യാനികൾ വീണ്ടും രണ്ടായി പിളർന്നു. ജോസഫ് സെബാസ്തീനി മെത്രാനെ പിന്തുണച്ചവർ പഴയ്കൂറ്റുകാർ എന്നും മാർത്തോമ്മാ പ്രഥമനെ പിന്തുണച്ചവർ പുത്തൻകുറ്റുകാർ എന്നും അറിയപ്പെടാൻ തുടങ്ങി. [4] കൂടുതൽ അറിയാൻ >>


കർമ്മലീത്തക്കാരും പ്രൊപ്പഗാന്തയുംതിരുത്തുക

സംഭവങ്ങൾ വഷളാകുന്നു എന്നറിഞ്ഞ പോൾ മാർപ്പാപ്പ കർമ്മലീത്തക്കാരായ മിഷിനറിമാരെ കേരളത്തിലേക്കു അയച്ചു. പ്രൊപ്പഗാന്ത തിരുസംഘത്തിൽപ്പെട്ട ഇവരുടെ മെത്രാൻമാർ കേരളസഭയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമങ്ങളാരംഭിച്ചു. എന്നാൽ മാർത്തോമ്മാ ക്രിസ്ത്യാനികളുടെ വിശ്വാസം നേടാനാവാതെ അവരുടെ ദൌത്യത്തിൽ അവർ പരാജയപ്പെട്ടു. കരിയാറ്റിയും പാറേമ്മക്കൽ തോമ്മാഗുബർണദോരും പുനരൈക്ക്യം സ്ഥാപിക്കുകയെന്ന ലക്ഷ്യവുമായി 1778-ൽ മാർപ്പാപ്പയെ സന്ധിക്കുവാൻ ജോസഫ് കരിയാറ്റി, തോമസ് പാറേമ്മക്കൽ എന്നീ രണ്ടു വൈദികർ റോമിലേക്കു പുറപ്പെട്ടു. അവരുടെ ദൌത്യം പരാജയപ്പെട്ടെങ്കിലും പോർട്ടുഗീസ് രാജ്ഞി കരിയാറ്റിയെ 1782ൽ ലിസ്ബനിൽ വച്ചു മെത്രാപ്പൊലീത്തയാക്കി അവരോധിച്ചു. എന്നാൽ മാർത്തോമാക്രിസ്ത്യാനികൾക്കു കനത്ത ദുഃഖഭാരം നൽകി കേരളത്തിലേക്കുള്ള യാത്രാമദ്ധ്യേ കരിയാറ്റി ഗൊവയിൽ വച്ചു നിര്യാതനായി. മാർത്തോമ്മാ ക്രിസ്ത്യാനികളുടെ അഡ്മിനിസ്ട്രേറ്ററായി പാറേമ്മാക്കൽ തുടർന്നു.

സീറോമലബാർ ഹയരാർക്കിതിരുത്തുക

സീറോമലബാർ ഹയരാർക്കി കൂടുതൽ അറിയാൻ >>

മേജർ ആർക്കി എപ്പിസ്കോപ്പൽ‍ സഭതിരുത്തുക

തദ്ദേശീയ മെത്രാൻമാരും രൂപതകളും ലഭ്യമായെങ്കിലും സഭയുടെ അധികാരപരിധി തെക്ക് പമ്പയാറിനും വടക്കു ഭാരതപ്പുഴക്കുമിടയിൽ മാത്രമായി ചുരുങ്ങി. 1951ൽ തലശേരി രൂപത സ്ഥാപിതമായതോടെ വടക്കോട്ടേക്കു സഭക്കു വികസിക്കാനായി. 1962ൽ ഛന്ദാ എന്ന മിഷൻ രൂപതാ സ്ഥാപിക്കപ്പെട്ടതോടെ കേരളത്തിനു പുറത്തേക്കും ഭൂമിശാസ്ത്ര അധികാരപരിധി വ്യാപിക്കപ്പെട്ടു. 1992ൽ സീറോ മലബാർ സഭയെ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയായി ഉയർത്തി. സഭയുടെ അധിപൻ ശ്രേഷ്ടമെത്രാപ്പോലീത്തായും(മേജർ ആർച്ചുബിഷപ്പ്). സഭക്കു ഇന്നു കേരളത്തിനകത്തും പുറത്തുമായി 27 രൂപതകളുണ്ടു. നിരവധി പട്ടണങ്ങളിലും നഗരങ്ങളിലും പ്രവാസികളായിക്കഴിയുന്ന സഭാതനയർക്ക് സ്വന്തം റീത്തിൽ അജപാലന ആത്മീയ ആവശ്യങ്ങൾ നിർവഹിക്കാൻ അധികാര പരിധി വ്യാപിപ്പിക്കേണ്ടുണ്ടു. ദൈവവിളികളാൽ സന്തുഷ്ടമാണു സീറോ മലബാർ സഭ. ഭാരതത്തിലെ 70% സന്യാസിനികളും 60% സന്യാസി വൈദികരും കേരളത്തിലെ സീറോ മലബാർ സഭയിൽ നിന്നുള്ളവരാണ്. ഈ സഭയിൽ പുരുഷൻമാരുടെ അഞ്ച് സന്യാസസമൂഹങ്ങളും ഒരു അപ്പസ്തോല സമൂഹവും രണ്ട് സഹോദര സന്യാസ സമൂഹങ്ങളും പതിനെട്ടു സന്യാസിനി സമൂഹങ്ങളും ഉണ്ട്. ബനഡിക്ടൈൻ ആധ്യാത്മികതയിലുള്ള ഒരു മൊണസ്റ്ററിയും ഏതാനും ആശ്രമങ്ങളും ഉണ്ട് . സഭക്കു സ്വന്തമായി വൈദിക പരിശീലന കേന്ദ്രങ്ങളുണ്ട്. വിശുദ്ധജീവിതം നയിച്ച അനേകം സഭാതനയൻമാരിൽ ചിലരെ വാഴ്ത്തപെട്ടവരുടെയും വിശുദ്ധൻമാരുടേയും പട്ടികയിലേക്ക് ഉയർ ത്തിയിട്ടുണ്ട്. ഭരണങ്ങാനത്തെ അൽഫോൻസാ സഭയിൽ നിന്നു വിശുദ്ധ പദവിയിലേക്കു ഉയർത്തപ്പെട്ട സന്യാസിനിയാണ്.

സീറോ മലബാർ മെത്രാന്മാർ


ലേഖകൻ . ഫാ.ജോസഫ്. കാപ്പിലിപ്പറമ്പിൽ

ഗ്രന്ഥ സൂചിക
1. മുണ്ടാടൻ‌, എ ഹിസ്റ്ററി ഒഫ് ക്രിസ്റ്റ്യാനിറ്റി ഇൻ ഇൻഡ്യ (ഇംഗ്ലിഷ്) വാല്യം1.ബങ്കളുരു.1984 .
2. തെക്കേടത്ത് ജൊസഫ്, ഹിസ്റ്ററി ഒഫ് ക്രിസ്റ്റ്യാനിറ്റി ഇൻ ഇൻഡ്യ (ഇംഗ്ലിഷ്) വാല്യം .2 ബങ്കളൂരു.1982.
3. പൊടിപ്പാറ പ്ലാസിസ് ജെ, ദി തോമസ് ക്രിസ്ത്യൻസ് ലണ്ടൻ, 1970.
4. പൊടിപ്പാറ. പ്ലാസിസ്.ജെ.- ദി ഹയരാർക്കി ഒഫ് ദി സീറോ മലബാർ ചർച്ച്, ആലപ്പുഴ.1976.
5. കൂടപ്പുഴ സേവ്യർ, ഭാരതസഭാചരിത്രം കോട്ടയം 1998.
6.പെരുന്തോട്ടം ജോസഫ്. എ പീരിയഡ് ഒഫ് ഡിക്ലൈൻ ഓഫ് തോമസ് ക്രിസ്റ്റ്യൻസ് കോട്ടയം,1994
7.തെക്കെടത്തു, ജോസെഫ്, ദി ട്രബ്‌ൾഡ് ഡെയ്സ് ഓഫ് ഫ്രാന്സിസ് ഗ്രാസ്യ എസ്. ജെ., റോം,1972.
8. കൊല്ലാപറമ്പിൽ, ജേക്കബ്. ദി സെന്റ് തോമസ് ക്രിസ്റ്റ്യൻസ് റെവലൂഷൻ ഇൻ 1653, കോട്ടയം1981
9.ഏർത്തയിൽ, ജേക്കബ്. ദി സ്പിരിച്വൽ ഹെറിറ്റേജ് ഒഫ് ദി തൊമസ് ക്രിസ്റ്റ്യൻസ്, ബാംഗളൂരു.1982.
10.തോമ്മാ പാറേമ്മാക്കൽ കത്തനാർ,വർത്തമാന പുസ്തകം, കോട്ടയം.
11.കുരുകിലംകാട്ട്, ജെയിംസ്. ദി അപ്പോസൽ തോമസ് അറ്റ് റ്റാക്സില: ഹിസ്റ്റോറിക്കൽ ഇൻവെസ്റ്റിഗേഷൻ ഓഫ് ദി മിഷൻ ഓഫ് തോമസ് റ്റു ഇൻഡ്യ വിത്ത് സ്പെഷ്യൽ റെഫെറൻസ് റ്റു ദി ആക്റ്റ്സ് ഓഫ് തോമസ്, റോം 2002.

അവലംബം

  1. http://www.synodofdiamper.com/synod.php
  2. ഉപോദ്ഘാതം. എഴുതിയത് ഡോ. സ്കറിയ സക്കറിയ. എഡിറ്റർ: ഉദയമ്പേരൂർ സൂനഹദോസിന്റെ കാനോനകൾ, എ.ഡി. 1599; ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിസ്ത്യൻ സ്റ്റഡീസ്, ഓശാന മൗണ്ട്, ഇടമറ്റം 686588, കേരളം. 1994
  3. വർഗീസ് അങ്കമാലി, ഡോ. ജോമോൻ തച്ചിൽ; അങ്കമാലി രേഖകൾ; മെറിറ്റ് ബുക്സ് എറണാകുളം 2002.
  4. ഡോ. സ്കറിയ സക്കറിയ. എഡിറ്റർ: ഉദയമ്പേരൂർ സൂനഹദോസിന്റെ കാനോനകൾ, എ.ഡി. 1599; ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിസ്ത്യൻ സ്റ്റഡീസ്, ഓശാന മൗണ്ട്, ഇടമറ്റം 686588, കേരളം. 1994